District News
കാസർഗോഡ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്ഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ വിവിധിടങ്ങളിലായി നടത്തിയ പരിശോധനയില് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും മലിനീകരണവുമായി ബന്ധപ്പെട്ട് പിഴ ചുമത്തി. കുമ്പള പഞ്ചായത്തിലെ നായിക്കാപ്പിൽ പ്രവർത്തിക്കുന്ന മിനി മാര്ട്ട്, മീഞ്ച പഞ്ചായത്തിലെ മിയാപദവിലുള്ള സൂപ്പര് മാര്ക്കറ്റ് എന്നിവിടങ്ങളില് നിന്ന് നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് പ്ലേറ്റ്, ഗ്ലാസ് എന്നിവ കണ്ടെടുത്തു. ഉടമകൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി.
നായിക്കാപ്പിൽ ഇതര സംസ്ഥാന തൊഴിലാളികള് താമസിക്കുന്ന ഇരുനില കെട്ടിടത്തിന്റെ താഴെ ഭാഗത്ത് വലിയതോതില് പ്ലാസ്റ്റിക് മാലിന്യങ്ങള് വലിച്ചെറിയുകയും ഉപയോഗജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിടുകയും ചെയ്തതിന് കെട്ടിട ഉടമയ്ക്ക് പഞ്ചായത്ത് രാജ് ആക്ട് 219 എന്, 219 കെ എന്നിവ പ്രകാരം 10,000 രൂപ പിഴ ചുമത്തുകയും ഉടനടി പരിഹാരനടപടികള് ചെയ്യാൻ നിര്ദേശം നല്കുകയും ചെയ്തു.
മാലിന്യങ്ങള് കടയുടെ മുന്നിലിട്ട് കത്തിച്ചതിന് നീലേശ്വരത്തെ സ്ഥാപന ഉടമയ്ക്ക് 5,000 രൂപയും മാലിന്യങ്ങള് വലിച്ചെറിഞ്ഞതിന് സ്റ്റോര് ഉടമയ്ക്ക് 2,000 രൂപയും പിഴയിട്ടു. ചിക്കന് കടകളിലെ കട്ടിംഗ് വേസ്റ്റുകള് അംഗീകൃത ഏജന്സികൾക്കുതന്നെ കൈമാറുന്നുണ്ടോ എന്ന കാര്യവും പരിശോധിച്ചു. പരിശോധനയില് ജില്ലാ എന്ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര് കെ.വി. മുഹമ്മദ് മദനി, അംഗം വി.എം. ജോസ്, ഹെല്ത്ത് ഇന്സ്പെക്ടര് പി.വി. സൗമ്യ, വി.വി. ബീന, ക്ലര്ക്ക് മുഹമ്മദ് മുസ്തഫ എന്നിവര് പങ്കെടുത്തു.
Kerala
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ.
വിർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ - പുല്ലുമേട് പാത ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തെരഞ്ഞെടുക്കുന്നത്.
പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിപ്പോയ നിരവധി തീർഥാടകരെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ട്രക്ചറിൽ വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാൽ പൂർണ ശാരീരിക ക്ഷമതയുള്ളവർ മാത്രം ഈ പാത തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല.
പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ അത്തരത്തിൽ പ്രത്യേക പാസ് ഭക്തർക്ക് നൽകുന്നില്ല.